വിണ്ണില്‍ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങിയ ജലകണങ്ങള്‍ വീണ്ടും പ്രകൃതിയെ പച്ചപ്പിന്റെ മേലങ്കി അണിയിക്കുന്പോള് കാടും കാട്ടരുവികളും സൗന്ദര്യത്തിന്റെ നയനമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്പോള്... ചിന്നിച്ചിതറി വീഴുന്ന ജലകണങ്ങള്‍ തട്ടിത്തെറിപ്പിച്ചും മഴയുടെ കുളിരണിഞ്ഞും ഈ മണ്‍സൂണ്‍ കാലം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് വിനോദസഞ്ചാരികള്‍.
കാടും മേടും പുഴയും പൂക്കളും അടങ്ങുന്ന പതിവ് വിനോദകേന്ദ്രങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയപുതിയ കേന്ദ്രങ്ങള്‍ തേടി യാത്ര തുടരുന്ന സഞ്ചാരികളെ മണ്‍സൂണിന്റെ സൗന്ദര്യം ആവാഹിച്ചുകൊണ്ട് അവരെ മാടിവിളിക്കുകയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയും പരിസരപ്രദേശങ്ങളെയിലേയും പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍. അത്തരത്തില്‍ അധികമാരും എത്തിപ്പെടാത്ത ചില മഴക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെ നമുക്ക് പരിചയപ്പെടാം.
പേരപ്പാറ ചെക്ക് ഡാം
വടക്കാഞ്ചേരി വാഴാനി ഡാമിലേക്കുള്ള യാത്രയ്ക്കിടെ അധികമാരും അറിയാതെ പോകുന്ന ഒരു മനോഹര ഇടമാണ് പേരേപ്പാറ ചെക്ക് ഡാം. കാടിനാല്‍ ചുറ്റുപ്പെട്ട പ്രദേശത്ത് ഒഴുകിയെത്തുന്ന കാട്ടരുവികളും അവയെത്തുന്ന ജലാശയവും അതില്‍നിന്നു താഴേക്ക് ഒഴുകി വരുന്ന വെള്ളവും മഴക്കാലത്ത് സമ്മാനിക്കുന്നത് കുളിരുള്ള കാഴ്ചകളില്‍ ഒന്നാണ്.
ചെറിയ വെള്ളച്ചാട്ടങ്ങളോടെയുള്ള ഇവിടെ ആളുകള്‍ കുടുംബസമേതം കുളിക്കാനും മഴയുടെ സൗന്ദര്യം ആസ്വദിക്കാനും എത്തുന്നു. വിരുപ്പാക്ക നൂല് കന്പനി കഴിഞ്ഞ് 100 മീറ്റര്‍ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 300 മീറ്റര്‍ അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്.